തിരുവനന്തപുരത്ത് വഴുതക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണ്ണ് പര്യവേക്ഷണസംരക്ഷണ വകുപ്പിന്റെ കീഴില്‍ മണ്ണ് പര്യവേക്ഷണ വിഭാഗവും മണ്ണ് സംരക്ഷണ വിഭാഗവും പ്രവര്‍ത്തിക്കുന്നു.  ഡയറക്ടറാണ് വകുപ്പിന്റെ തലവന്‍.  ഡയറക്ടറുടെ ഓഫീസില്‍ ഓരോ വിഭാഗത്തിനും അഡീഷണല്‍ ഡയറക്ടര്‍ ഉണ്ട്.

മണ്ണ് സംരക്ഷണ വിഭാഗത്തില്‍ അഡീഷണല്‍ ഡയറക്ടറെക്കൂടാതെ ഒരു മണ്ണ് സംരക്ഷണ ജോയിന്റ് ഡയറക്ടറും മണ്ണ് സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടറും വകുപ്പ് ആസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നു.  14 ജില്ലകളിലും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസുകളുണ്ട്.  കൂടാതെ പ്രത്യേക പദ്ധതികള്‍ക്കായി അരുവിക്കര, ശാസ്താംകോട്ട, കട്ടപ്പന എന്നിവടങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളുമുണ്ട്. ഓരോ ജില്ലാ ഓഫീസുകളുടെ കീഴിലും 2 മണ്ണ് സംരക്ഷണ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ഷെഡ് മാനേജ്‌മെന്റെ് കേരള,  കൊല്ലം ജില്ലയിലെ ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്നു.  ഈ സ്ഥാപനത്തിന്റെ തലവന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (മണ്ണ് സംരക്ഷണം) ആണ്.

മണ്ണു പര്യവേക്ഷണ അഡീഷണല്‍ ഡയറക്ടറെക്കൂടാതെ ഒരു മണ്ണ് പര്യവേക്ഷണ ഡെപ്യൂട്ടി ഡയറക്ടറും പശ്ചിമഘട്ട വികസന പദ്ധതിയുമായി ബന്ധപ്പെട്ട മണ്ണുപര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മറ്റൊരു ഡെപ്യൂട്ടി ഡയറക്ടറും വകുപ്പ് ആസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നു.  കേരളത്തിലെ പതിനാലു ജില്ലകളിലും ജില്ലാ മണ്ണു പര്യവേക്ഷണ കാര്യാലയങ്ങള്‍ അതാത് അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തും തൃശ്ശൂരിലും രണ്ട് മേഖലാ മണ്ണ് പര്യവേക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മണ്ണ് പര്യവേക്ഷണ വിഭാഗത്തിന്‍ കീഴില്‍ ഏഴ് മണ്ണ് പരിശോധനാ ലബോറട്ടറികളും പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരത്തുള്ള കേന്ദ്ര മണ്ണു പരിശോധനാശാലയുടെ ചുമതല മണ്ണു പര്യവേക്ഷണ ജോയിന്റ് ഡയറക്ടര്‍ക്കാണ്. കേന്ദ്ര മണ്ണു പരിശോധനാശാലയോട് ചേര്‍ന്ന് കേരളത്തിലെ എല്ലാ മണ്ണിനങ്ങളെയും കുറിച്ചുള്ള സമഗ്രമായ വിവരം കര്‍ഷകര്‍ക്കും, ഗവേഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു സോയില്‍ മ്യൂസിയം പാറോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്നു.